Tuesday, July 15, 2014

640 -തിരുനബിയോടൊപ്പമുള്ള ഹജ്ജ്


بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°


മക്കയിലും ജിദ്ദയിലും മറ്റ് മക്കയുടെ പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളേ.. നിങ്ങൾ ഈ ഹദീസ് മറന്നോ ? ഇമാം ബുഖരി റിപ്പോർട്ട് ചെയ്യുന്നു >



عَنِ ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا قَالَ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم: عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً مَعِي (متفق عليه)


തിരുനബി  صلى الله عليه وسلم പറയുന്നു. “റമദാനിൽ ഒരു ഉം‌റ നിർവ്വഹിക്കുന്നത് എന്നോടൊപ്പം ഒരു  ഹജ്ജ് ചെയ്യുന്നതിന് സമാനമാണ്”

എത്ര വലിയ ഭാഗ്യമാണിത് !! വെറും നിസ്സാര പണം കൊണ്ടും കുറഞ്ഞ സമയം കൊണ്ടും ജീവിതത്തിൽ നേടാവുന്നതിൽ വേച്ചേറ്റവും വലിയ സമ്പാദ്യം.

ഇത് നോമ്പനുഷ്ടിച്ച് പകൽ സമയത്താ‍വണമെന്നില്ല. റമദാനിലെ രാത്രിയിലോ പകൽ മറ്റു സമയത്തോ നിർവ്വഹിച്ചാലും ഈ മഹത്തായ പുണ്യം ലഭിക്കും. ഒന്നാലോചിച്ചു നോക്കൂ..  തിരു നബി  صلى الله عليه وسلم യും  നക്ഷത്ര തുല്യരായ സ്വഹാബത്തും ത്വവാഫ് ചെയ്യുമ്പോൾ അവരോടൊന്നിച്ച് ഒരെളിയവനായി വിശുദ്ധ ക‌അബാലയത്തിനും ചുറ്റും നിർവ്വഹിക്കുന്ന ആ ത്വവാഫിന്റെ മധുരം.

പല പ്രവാസികളും പറയുന്ന ഒരു സ്ഥിരം പല്ലവിയാണ്. ഹറമിൽ വലിയ തിരക്കാണ്. അങ്ങോട്ടടുക്കാൻ വയ്യ എന്നത്.. കൂട്ടുകാരാ.. ഓർക്കുക നമ്മുടെ റബ്ബിന്റെ വീടാണവിടെയുള്ളത്. അവന്റെ വീട്ടിലേക്ക് അഥിതിയായി ആത്മാർത്ഥമായി പോകുന്നവർക്ക് ഏത് സമയത്തും അവിടം ഇടവും അവസരവും അല്ലാഹു ഒരുക്കി തരും. വേണ്ടത്  നമുക്ക് ഇ‌ഖ്‌ലാസും ആവശ്യവും ദൃഢ നിശ്ചയവുമാണ്.




Islamic Bulletin No: 640

639- നിങ്ങൾ ഉമ്മാനെ വിളിച്ചോ ?


بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°


വിശുദ്ധ റമദാൻ വന്നണഞ്ഞു. നിങ്ങൾ ഉമ്മാനെ വിളിച്ചോ ? നിങ്ങൾ ഉപ്പാനെ വിളിച്ചോ ? സഹോദര സഹോദരിമാരെ വിളിച്ചോ ? നിസ്സാര കാര്യങ്ങളുടെ പേരിൽ ഇവരോടോക്കെ പിണങ്ങി നിൽക്കുന്നവരുണ്ടാകും .. അവരുമായി നന്നാവാനും അവരുടെ സ്നേഹം ലഭിക്കാനും നല്ല ദുആ ലഭിക്കുന്നവരിൽ പെടാനും ഈ  വിശുദ്ധ റമദാൻ കാ‍രണമാകട്ടെ.

നോക്കൂ തിരു നബി صلى الله عليه وسلم യുടെ ഒരു ഹദീസ്


عَنِ ابْنِ عُمَرَ رَضِيَ الله عَنْهُمَا قَالَ: قَالَ رَسُولُ اللهِ صَلَّى اللهِ عَلَيْهِ وَسَلَّمَ: ثَلَاثَةٌ لَا يَنْظُرُ اللهُ عَزَّ وَجَلَّ إِليْهِمْ يَوْمَ الْقِيَامَة:

الْعَاقُّ لِوَالِدَيْهِ....

അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ തിരുനോട്ടം ലഭിക്കാത്ത മൂന്ന് വിഭാഗമുണ്ട് അതിൽ ഒന്നാമത്തേത് മാതാപിതാക്കളെ വെറുപ്പിച്ചവനാണ്.

وَثَلَاثَةٌ لَا يَدْخُلُونَ الْجَنَّةَ: الْعَاقُّ لِوَالِدَيْهِ ... (رواه الإمام أحمد رحمه الله)

സ്വർഗത്തിൽ പ്രവേശിക്കാത്ത മൂന്ന് വിഭാഗങ്ങളുണ്ട് അവരിൽ ഒന്നാമത്തേത് , മാതാപിതാക്കളെ വെറുപ്പിച്ചവനാണ് .. “  (മുസ്നദ് ഇമാം അഹ്‌മദ് )

തിരുനബി صلى الله عليه وسلم  യുടെ മറ്റൊരു ഹദീസ് നോക്കൂ

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: "تُعْرَضُ الْأَعْمَالُ عَلَى اللهِ تَبَارَك وَتَعَالَى كُلَّ اثْنَيْنِ وَخَمِيسٍ لَا يَقْبَلُ مِنْهَا عَمَلَ قَاطِعِ رَحمٍ" (رواه المنذري رحمه الله).

“എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കർമ്മങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കപ്പെടും അതിൽ നിന്ന് കുടുംബ ബന്ധം വിഛേദിച്ചവന്റെ കർമ്മങ്ങളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല. ( പടച്ച റബ്ബ് നമ്മേ കാക്കട്ടെ )

വിശുദ്ധ റമദാനിൽ നാം കഷ്ടപ്പെട്ടനുഷ്ടിക്കുന്ന നോമ്പുകളും മറ്റു സൽകർമ്മങ്ങളും മാതാപിതാക്കളോടും കൂട്ടു കുടുംബങ്ങളോടും പിണങ്ങി നിൽക്കുന്നത് മൂലം അസ്വീകാര്യമാണെങ്കിൽ കാര്യത്തിന്റെ ഗൌരവം ഉൾകൊള്ളുക. എല്ലാവരുമായും നല്ല ബന്ധം പുലർത്തുക. പിണങ്ങി നിൽക്കുന്നവരുണ്ടെങ്കിൽ ഈ പുണ്യമാസം അത് നന്നാവാ‍ാനുള്ളാ കാരണമാവട്ടെ. ഇന്ന് തന്നെ വിളിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



Monday, July 14, 2014

638 -വിശുദ്ധ റമ‌ദാൻ -വിശുദ്ധ ഖുർ‌ആൻ

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°



ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആടിത്തിമിർത്ത യുവത്വം. മദ്യപന്മാരുടെ മുൻ‌നിരയിൽ അയാളുണ്ടായിരുന്നു. സ്വരക്തത്തിൽ പിറന്ന കുഞ്ഞ് പെണ്ണായതിനാൽ അയാൾ അതിനെ കുഴിച്ചുമൂടിയിട്ടുണ്ട്. മക്കയിൽ പ്രവാചകനും അനുയായികൾക്കുമെതിരെ അതിക്രമങ്ങൾ അഴിച്ചു വിടുന്നതിലും സത്യ വിശ്വാസികളെ പീഢിപ്പിക്കുന്നതിലും അയാൾ മുൻ നിരയിലായിരുന്നു.

ജനങ്ങൽക്കിടയിൽ കുഴപ്പവും ഭിന്നതയും സൃഷ്ടിക്കുന്ന, തങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുന്ന മുഹമ്മദിനെ ഇനിയും പൊറുപ്പിച്ചുകൂടാ. മക്കയിലെ ബഹുദൈവ വിശ്വാസികളുടെ നേതാക്കളായ ഉത്ബത്തിന്റെയും ശൈബത്തിന്റെയും മുന്നിൽ വെച്ച് അയാൾ പ്രഖ്യാപിച്ചു. “ മുഹമ്മദിന്റെ തലയെടുത്ത് ഞാനിതാ വരുന്നു “ ഊരിപ്പിടിച്ച വാളുമായി ഒരോട്ടമായിരുന്നു.

വഴിമധ്യേ വെച്ച് സുഹൃത്തിന്റെ പോക്ക് കണ്ടു  നുഐം ചോദിച്ചു. ‘ എങ്ങോട്ടാ പുറപ്പാട് ?” മറുപടി ഒരു ഗർജ്ജനമായിരുന്നു. “മുഹമ്മദിന്റെ തലയെടുക്കാൻ” നുഐം പ്രതികരിച്ചു. ‘സ്വന്തം വീട് നേരേയാക്കിയിട്ടു പോരേ മറ്റുള്ളവരെ നന്നാക്കാൻ ?”  അതെ സഹോദരി ഫാത്വിമ മുഹമ്മദിന്റെ മതത്തിലാ..‘

ഇത് കേട്ട അയാൾ ഞെട്ടിത്തെറിച്ചു. എങ്കിൽ അതൊന്നു കാണണം..! ഊരിപ്പിടിച്ച വാളുമായി ഫാതിമയുടെ വീട്ടിലേക്കായി കുതിപ്പ്. വീടിനടുത്തെത്തിയപ്പോൾ അകത്ത് നിന്ന് മന്ത്രമധുരമായ ശബ്ദം ശ്രവിക്കാനിടയായി. അയാളുടെ മനസ് പാതി തണുത്തു. എന്തൊരു മാധുര്യം..! അയാൾ സഹോദരിയുടെ വിടിന്റെ വാതിലിൽ മുട്ടി..ഭയന്ന് വിറച്ചാണവൾ വാതിൽ തുറന്നത്. മക്കയിലെ വീര ശൂര പരാക്രമിയാണ് സഹോദരൻ. എന്താണ് സംഭവിക്കാൻ പോകുന്നത്. താനും ഭർത്താവും പാരായണം ചെയ്ത് കൊണ്ടിരിക്കുന്ന വിശുദ്ധ ഖുർ‌ആൻ അവർ അയാളിൽ നിന്ന് മറച്ച് പിടിച്ചു.  “എന്താണ് നിങ്ങൾ വായിക്കുന്നത് ? ഇങ്ങോട്ട് തരൂ അത്. . തന്റെ കൈവശമുള്ള വിശുദ്ധ വചനങ്ങളെഴുതിയ താളിയോലകൾ കൊടുക്കാൻ വിസമ്മതിച്ച സഹോദരിയെ അയാൾ മർദ്ദിക്കാൻ തുടങ്ങി. ഫാത്വിമയുടെ ചുണ്ടിൽ നിന്ന് രക്തം പൊട്ടി. ‘ഇല്ല തരില്ല..ഞങ്ങൾ മുസ്‌ലിംകളാണ്. എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ.’  ഫാത്വിമയുടെ ദൃഢ സ്വരത്തിലുള്ള വാക്കുകൾ സഹോദരന്റെ മനോമുകുരത്തിൽ പരിവർത്തനത്തിന്റെ ഓളങ്ങളുണ്ടാക്കി. അയാൾ പറഞ്ഞു. ‘ വായിക്കൂ കേൾക്കട്ടെ ആ വചനങ്ങൾ.. പറ്റില്ലെങ്കിൽ ഇങ്ങ് തരൂ..ഞാൻ വായിക്കാം..’ സഹോദരന്റെ മാനസാന്തരം ബോധ്യപ്പെട്ട ഫാത്വിമ പ്രതികരിച്ചു. ‘ നിങ്ങൾക്കിത് തരാൻ പറ്റില്ല. കുളിച്ച് ശുദ്ധമായി വന്നാൽ തരാം..’

അയാൾ അവിടെ നിന്നിറങ്ങി.. ഏതാനും നിമിഷങ്ങൾക്കകം ശാന്തനായി തിരിച്ചെത്തി. ഫാത്വിമ ആ ഏടുകൾ  സഹോദരന്റെ കൈകളിലേക്ക് നീട്ടി. അയാൾ അത് വാങ്ങി.വായിക്കാൻ തുടങ്ങി. ‘ ത്വാഹാ.. മാ അൻസൽനാ അലൈക്കൽ ഖുർ‌ആന ലി തഷ്കാ.’
  

എന്തൊരു വശ്യത. ! എന്തൊരു ഈണം..! എത്ര അർത്ഥ ഗർഭം! അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിചുണ്ടുകൾ വിറച്ചു സഹോദരിയുടെ നേരെ തിരിഞ്ഞു അയാൾ ചോദിച്ചു. എവിടെയാണ് മുഹമ്മദ് ? എനിക്ക് മുസ്‌ലിമാകണം..! വിശുദ്ധ ഖുർ‌ആന്റെ വശ്യശൈലിയിൽ ആകൃഷ്ടനായ ഉമർ ബിൻ ഖത്താബ് éرضي الله عنه ورضي الله عنا معه  മണിക്കൂറുകൾക്കകമാണ് തിരുനബിയുടെ മുമ്പിൽ ചെന്ന് തന്റെ ഇസ്‌ലാമാശ്‌ളേഷ പ്രഖ്യാപിച്ചത്..!

നൂറ്റാ‍ാണ്ടുകളാ‍യി ലക്ഷോപലക്ഷം ജനങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നതും ലോകത്ത് ഏറ്റവും കൂടുതലാളുകൾ പാരായണം ചെയ്ത് കൊണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ഖുർ‌ആൻ. എത്രയോ കുടില മനസുകളെ അത് സ്ഫുടം ചെയ്തിട്ടുണ്ട്.  എത്രയോ ശിലാ ഹൃദയങ്ങളെ പൊട്ടിക്കരയിച്ചിട്ടുണ്ട്!

‘ജനങ്ങൾക്ക് മാർഗദർശനമായും സത്യാസത്യങ്ങളെ വേർതിരിച്ചുകാണിക്കുന്ന വ്യക്തമായ തെളിവുകളുമായിക്കൊണ്ടും ഖുർ‌ആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ (വി.ഖു. 2-185) ലോകാന്ത്യം വരെയുള്ള മാനവരാശിയുടെ മോചനത്തിന്റെ മാഗനകാർട്ട അഥവാ ഖുർ‌ആൻ അവതരിപ്പെട്ടുവെന്നതാ‍ണ് റമദാനിന്റെ പവിത്രതക്ക് നിദാനം.

മനുഷ്യകുലത്തിന് അല്ലാഹു നൽകിയ അനുഗ്രഹീത ഗ്രന്ഥമാണ് ഖുർ‌ആൻ. തമസ്സിൽ നിന്നു പ്രകാശത്തിലേക്ക് മാർഗ ദർശനം ചെയ്ത വിശുദ്ധ ഗ്രന്ഥം മർഥ്യനെ ബാഹ്യമായും ആന്തരികമായും ശുദ്ധീ‍കരിക്കുന്നു. ജീവിതത്തിന്റെ നിഖില മേഖലകളിലും അത് മാർഗദർശനം നൽകുന്നു. ‘ തീർച്ചയായും മനുഷ്യർക്ക് വേണ്ടി എല്ലാ ഉപമകളും ഈ ഖുർ‌ആനിൽ നാം വിവരിച്ചിരിക്കുന്നു’ (വി.ഖു. 19.54)

വിശുദ്ധ ഖുർ‌ആൻ ഏറ്റുവാങ്ങിയ ഹൃദയം അല്ലാഹുവിന്റെ അറിയുന്നു. അവനെ മനസ്സിലാക്കുന്നു. അവന്റെ മുന്നിൽ തല കുനിക്കുന്നു. ബുദ്ധിമാനായ മനുഷ്യനെ പിടിച്ചു കുലുക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വശ്യസുന്ദര ശൈലിയാണതിന്. ഖുർ‌ആൻ മനുഷ്യനെ ദൈവിക സാമീപ്യത്തിലേക്ക് നയിക്കുകയും ആരാധനയുടെ മധുരം നൽകുകയൌം ചെയ്യുന്നു. മനുഷ്യ ഹൃദയത്തെ സ്ഫുടം ചെയ്യാൻ വിശുദ്ധ ഖുർ‌ആനോളം  മതിയായ ഏതൊരു ഗ്രന്ഥമാണ് ലോകത്തുള്ളത് ?

ഖുർ‌ആൻ വിശ്വാസിക്ക് മനശാന്തി നൽകുന്നു. ഹൃദയ രോഗങ്ങളിൽ നിന്നും അവനെ പരിരക്ഷിക്കുന്നു. എല്ലാ വിധ തിന്മകളിൽ നിന്നും അസാന്മാർഗികതകളിൽ നിന്നും അതവനെ തടയുന്നു. ജീവിതത്തിന് ലക്ഷ്യവും  മാർഗവും നൽകുന്നു.

മനുഷ്യരെ സസ്കാര ചിത്തരാക്കാനും നേർവഴി കാണിക്കാനുമായി നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അവയിൽ ദൈവികവും ദൈവികേതരവുമുണ്ട്. ഖുർ‌ആൻ മാറ്റി നിർത്തപ്പെട്ടാൽ അവയിലൊക്കെ ചരിത്രഗതിയിൽ കാലത്തിന്റെ സ്വാധീനം നിറഭേതങ്ങളുണ്ടാക്കിയതായി കാണാം. ഭാഷ്യങ്ങളിലും വ്യാഖ്യാനങ്ങളിലും ബഹുവിധ അന്തരങ്ങൾ. എന്നാൽ കാലത്തിന്റെ കറക്കത്തെയും ജനപഥങ്ങളുടെ രുചിഭേതങ്ങളെയും അതിജയിച്ചു സാർവകാലികവും സാർവജനീനവുമായ ശാശ്വത മൂല്യങ്ങളാൽ  പ്രോജ്വലിക്കുന്ന ഏക ഗ്രന്ഥം ഖുർ‌ആൻ മാത്രമാണ്. “നിഴ്ചയം വിശുദ്ധ ഖുർ‌ആനിനെ അവതരിപ്പിച്ചത് നാമാണ് നിശ്ചയം അതിനെ നാം കാത്തു സൂക്ഷിക്കും”  (ഖുർ‌‌ആൻ 15-9)

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഏറ്റവും പ്രഥമവും പ്രധാനവുമാണ് ഖുർ‌ആൻ. യഥാർത്ഥ വിശ്വാസിയായി ജീവിച്ചു മരണാനന്തരം സുഖലോക സ്വർഗം വരിക്കാൻ ഖുർ‌ആൻ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും  ചെയ്തേ തീരൂ.. എന്നാൽ മുസ്‌ലിംകൾ എന്നവകാശപ്പെടുകയും ഇസ്‌ലാമിനു വേണ്ടി വീറോടെ വാദിക്കുകയും ചെയ്യുന്ന നമ്മുടെ അവസ്ഥ അത്യധികം പരിതാ‍പകരമാണ്. ഉത്തമ ഗ്രന്ഥമായ ഖുർ‌ആൻ കെട്ടിപ്പൂട്ടി വെച്ചിരിക്കയാണ് നാം. അതിലുള്ളതെന്തെന്നു മനസ്സിലാക്കാനോ അതൊന്നു നിവർത്തി നോക്കാൻ പോലുമോ നമ്മൾ തയ്യാറല്ല. ഖലീഫ ഉമർ رضي الله عنه  ,രാജാ ഗരൌഡി, യൂസുഫുൽ ഇസ്‌ലാം , മറിയം ജമീല,  മുഹമ്മദ് അസദ്, കമലാ സുരയ്യ തുടങ്ങിയ വിശ്വേത്തര വിക്തിത്വങ്ങളെ ഇസ്‌ലാമിലേക്കാകർഷിച്ച അതേ ഗ്രന്ഥം തന്നെയാണ് ഹൃദയത്തിന് ഒരു തരിപ്പ് പോലും സൃഷ്ടിക്കാതെ നമ്മുടെ അലമാരകളിൽ വിശ്രമിക്കുന്നത്. “ ഈ വിശുദ്ധ ഖുർ‌ആൻ ഒരു പർവ്വതത്തിനു മുകളിലായിരുന്നു നാം ഇറക്കിയിരുന്നതെങ്കിൽ അല്ലാഹുവിനെപറ്റിയുള്ള ഭയത്താൽ ആ പർവതം വിനയാന്വിതമാകുന്നതും പൊട്ടിപ്പിളരുന്നതും അങ്ങയ്ക്ക് കാണാമായിരുന്നു” (വി.ഖുർ‌ആൻ 59:21)

നെഞ്ചിൽ കൈവെച്ചു ചിന്തിക്കുക. നമ്മുടെ ഹൃദയം എത്രമാത്രം കറുത്തു കഠോരമായിരിക്കുന്നു!

വിട്ടു വീഴ്ചയുടെയും ക്ഷമയുടെയും സഹനത്തിന്റെയും മാസമാണ് റമദാൻ. അനുഗ്രഹങ്ങളുടെ പേമാരി വർഷിക്കുന്ന വിശുദ്ധ മാസം.  പ്രഭാതം മുതൽ പ്രദോഷം വരെ മുസ്‌ലിമിന് നോമ്പ് നിർബന്ധമാണ് ഈ മാസത്തിൽ. ജീവിത വിശുദ്ധി കൈവരിക്കാനുള്ള പരിശീലനക്കളരിയാണ് ഈ മാസമെങ്കിൽ അതിലെ നോമ്പുകൾ അധർമ്മത്തിനും അധാർമ്മികതക്കുമെതിരെയുള്ള വിശ്വാസിയുടെ പരിചയാണ്. ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലം നൽകുകയും ഒരു തിന്മക്ക് അതിന്റെ അതേ തോതിൽ മാത്രം അല്ലെങ്കിലത് തന്നെ പൊറുത്തു തരികയും ചെയ്യുന്ന അല്ലാഹു വിശുദ്ധ റമദാനിൽ ഒന്നിന് എഴുപത് എന്ന കണക്കിലാണ് നന്മകൾക്ക് പ്രതിഫലം നൽകുന്നത്. ജീവിതത്തിൽ ചെയ്തുപോയ തെറ്റുകൾ പൊറുപ്പിക്കുവാനും ഭാവിജീവിതം ഭാസുരമാക്കുവാനും ഇതിലേറെ അനുയോജ്യമായ അവസരം വേറെയേതാണുള്ളത് ? നാളെ ജീവിക്കുമോ എന്ന് ഒരുറപ്പുമില്ലാത്ത ,ഈ ജീവിതത്തിനപ്പുറത്ത് നന്മതിന്മകൾക്ക് പ്രതിഫലം നൽകപ്പെടുന്ന ശാശ്വതമായ ഒരു ലോകമുണ്ടെന്നു വിശ്വസിക്കുന്ന മുസൽമാൻ ജാഗരൂഗനാവുക. അനുഗ്രഹങ്ങൽ വാരിക്കൂട്ടാനുള്ള അസുലഭാവസരം ഉപയോഗപ്പെടുത്തുക. “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമിയോളം വിശാ‍ലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിയിൽ മുന്നേറുക. ധർമ്മ നിഷ്ഠ പാലിക്കുന്നവർക്ക് വേണ്ടി  ഒരുക്കി വെക്കപ്പട്ടതാണാ ഭവനം”(വി.ഖുർ‌ആൻ 3: 133)

വിശുദ്ധ ഖുർ‌ആൻ അവതീർണ്ണമായ ഈ മാസത്തിൽ ഖുർ‌ആൻ പഠിക്കാനും അത് പാരായണം ചെയ്യാനും സമയം കണ്ടെത്തുക. “നിങ്ങൾ ഖുർ‌ആൻ പാരായണം ചെയ്യുക. അന്ത്യദിനത്തിൽ അതിന്റെ കൂട്ടുകാരന് ശുപാർശകനായി അത് കൊണ്ടു വരപ്പെടും“ (മുസ്‌ലിം )

നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർ‌ആൻ പഠിക്കുകയും അതിന്റെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. (നബി വചനം) പ്രവാചകൻ പറയുന്നു. “അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നു ഒരക്ഷരം ഒരാൾ പാരാ‍യണം ചെയ്താൽ അതിനു പ്രതിഫലമുണ്ട്. ഒന്നിന് പത്തെന്ന തോതിൽ. ‘അലിഫ്‌ലാം‌ മീം ‘എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറ്യുന്നില്ല. അലിഫ് ഒരു അക്ഷരമാണ്. ലാം ഒരക്ഷരമാണ് മീം ഒരക്ഷരമാണ്. (തിർമുദി) .ഖുർ‌ആന്റെ അർത്ഥവും ആശയവും പഠിക്കൽ മുസ്‌ലിമിന്റെ ബാധ്യതയാണെങ്കിലും അർത്ഥമറിയാതെ പാരായണം ചെയ്താൽ പോലും പ്രതിഫലാർഹമാണെന്ന് ഈ നബി വചനം വ്യക്തമാക്കുന്നു.

ഖുർ‌ആൻ പാരായണം ചെയ്യുന്നവരെയും ചെയ്യാത്തവരെയും തിരുനബി വിശേഷിപ്പിച്ചത് ഇങ്ങിനെയാണ്. “ ഖുർ‌ആൻ പാരായണം ചെയ്യുന്ന വിശ്വാസി നല്ല രുചിയും സുഗന്ധവുമുള്ള നാരങ്ങ പോലെയാണ്. ഖുർ‌ആൻ പാരായണം ചെയ്യാത്ത വിശ്വാസി കാരക്ക പോലെയാണ്. അതിനു രുചിയുണ്ടെങ്കിലും സുഗന്ധമില്ല.  ഖുർ‌ആ‍ൻ പാരായണം ചെയ്യുന കപട വിശ്വാസി റൈഹാൻ പുഷ്പത്തെപോലെയാണ്. അതിനു സുഗന്ധമുണ്ട് എന്നാൽ കൈപ്പുരുചിയാണ്, ഖുർ‌ആൻ പാരായണം ചെയ്യാത്ത കപട വിശ്വാസി ആട്ടങ്ങപോലെയാണ് അതിനു വാസനയില്ലെന്ന് മാത്രമല്ല കൈപ്പുരുചിയുമാണ്. കപട വിശ്വാസിയായിട്ടു പോലും ഖുർ‌ആൻ പാരായണം ചെയ്യുന്നവനെ തിരുനബി ഉദാഹരിച്ചത് റൈഹാൻ പുഷ്പത്തിനോടാണ്. ഖുർ‌ആൻ പാരായണത്തിന്റെ പവിത്രതയും ശ്രേഷ്ഠതയും ഇത് വിളിച്ചോതുന്നു.

അൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ പിശാചിന്റെ ശല്യമുണ്ടാവില്ല. സൂറത്തുൽ മുൽക് പാരായണം ചെയ്യുന്നവന് ഖബർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. അൽ‌വാഖിഅ പാരായണം ചെയ്യുന്നവർ ദാരിദ്ര്യം ഭയപ്പെടേണ്ടതില്ല. തുടങ്ങി ധാരാളം നബി വചനങ്ങൾ ഖുർ‌ആ‍ൻ പാരായണത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചുണ്ട്.

അതെ, വിശുദ്ധ ഖുർ‌ആൻ നമ്മുടെ മാർഗ ദർശിയാണ്. കഠിനാൽ കഠോരമായ നരഗാഗ്നിയിൽ നിന്നും സ്വർഗത്തിന്റെ സ്വഛന്തശീതളിമയിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന  ഉത്തമ കൂട്ടുകാരനാണ്. മനസിന് ശാന്തിയും സമാധാനവും നൽകുന്ന ദീപനാളമാണ്. വിശുദ്ധ ഖുർ‌ആനിന് പകരം മറ്റൊന്നുമില്ല. അതെ..ആ വിശുദ്ധ ഗ്രന്ഥം ഹൃദയത്തോട് ചേർത്ത് പിടിച്ചും പാരായണം ചെയ്തും പുണ്യം നേടുക. അല്ലാഹു അനുഗ്ര്ഹിക്കട്ടെ. ആമീൻ

കടപ്പാട്‌ : ഇതെല്ലാം ഞങ്ങൾക്കെഴുതി തന്ന് ,വിശുദ്ധ ഖുർ‌ആൻ കൂടുതൽ പാരായണം ചെയ്യുന്നത് നിത്യ ജീവിത ശൈലിയാക്കി മാറ്റി ,സുന്നത്ത് നോമ്പുകൾ വർദ്ധിപ്പിച്ച് ജീവിതം ധന്യമാക്കി ,നമുക്ക് മുന്നെ നടന്നു പോയ മനസിൽ നിന്നും മാഞ്ഞുപോകാത്ത ,ഇത്തരം ഒരു പാടു കുറിപ്പുകൾ ഞങ്ങൾക്കായി സമർപ്പിച്ച് അപ്രതീക്ഷിതമായി ഞങ്ങളോട് വിട പറഞ്ഞ പ്രിയപ്പെട്ട കെ.ടിയോട് .

അല്ലാഹു അവരുടെ പാരത്രിക ജീവിതം എല്ലാ അർത്ഥത്തിലും സന്തോഷമുള്ളതാക്കട്ടെ .ഹുസ്നുൽ ഖാതിമത്ത് കൊണ്ട് അല്ലാഹു നമ്മെയും ബന്ധപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ
آمين

ഒരു ഫാതിഹ നമുക്ക് കെ.ടി യുടെ പരലോക ഗുണത്തിനായി ഓതാം..
 الفاتحة


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



Monday, July 7, 2014

637- വിദ്യഭ്യാസ വായ്പ


بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°



നൊന്തുപെറ്റ അമ്മയെ വ്യഭിചരിക്കാൻ ഇരുകാലിൽ പിറന്ന മനുഷ്യൻ തയ്യാറാകുമോ ? സമൂഹം ഏവവും അറപ്പോടും വെറുപ്പോടും കൂടീ കാണുന്ന ഒന്നാണ് വ്യഭിചാരം. അത് കൊണ്ടു തന്നെ സ്വന്തം അമ്മയുടെ ചാരിത്ര്യത്തിൽ ഒരു  മകനും കൈവെക്കില്ല. ലോകത്തൊരാളും സഹിക്കാത്ത കൊടും കൃത്യമാണിത്. എന്നാൽ അമ്മയെ വ്യഭിചരിക്കുന്നതിനേക്കാൾ നീചമാണ് പലിശയിടപാട് എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. സ്ലാമെന്ന് മാത്രമല്ല ഹിന്ദു, കൃസ്ത്യൻ, ജൂതർ തുടങ്ങി സനാതന മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പ്രത്യയ ശാസ്ത്രവും പലിശ സമ്പ്രദായത്തെ അനുകൂലിക്കുന്നില്ല.

ഖേദകരമെന്ന് പറയട്ടെ, ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ചൂഷണോപാധിയാണ് പലിശ. വ്യക്തികളും സർക്കാറുകളും അന്തരാഷ്ട്ര സംവിധാനങ്ങളുമൊക്കെ പലിശയുടെ വക്താക്കളും ഏജന്റുമാരുമാണ്. “പലിശയുടെ പൊടിപടലമേൽക്കാത്തവരായി ലോകത്ത് ഒരാളുമുണ്ടാകാത്ത കാലം വരുമെന്ന്” 1400 വർഷങ്ങൾക്ക് മുമ്പ് പ്രവചകർ മുഹമ്മദ് () മുന്നറിയിപ്പ് നൽകിയ യുഗത്തിലാണ് നാം ജീവിക്കുന്നതെന്ന് വേണം കരുതാൻ. അത്രമേൽ പലിശയുടെ കരാള ഹസ്തങ്ങളിൽ  മനുഷ്യൻ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പട്ടിണിയുടെയും സാമ്പത്തിക ഞെരുക്കത്തിന്റെയും മൂല കാരണം പലിശ തന്നെ. ദരിദ്രനെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും സമ്പന്നനെ കൂടുതൽ സമ്പന്നനാക്കുകയുമാണ് പലിശ ചെയ്യുന്നത്.

മലയാളികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഏറെ കൈവിട്ടു പോയിരിക്കുന്നു. എല്ലാ അസാംസ്കാരിക പ്രവർത്തനങ്ങളിമുമെന്ന പോലെ പലിശയുടെ കാര്യത്തിലും നമ്മൾ വളരെ മുന്നിലാണ്. കേരളം പലിശദുരന്തത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ്. വാഹന വായ്പ , കാർഷിക വായ്പ, ഭവന വായ്പ, വ്യാവസായിക വായ്പ തുടങ്ങി പലിശ മലയാളികളെ ഗ്രസിച്ചിട്ടില്ലാത്ത ഒരു മേഖലയും ഇല്ല തന്നെ. സമൂഹത്തിന് മാതൃകയാണെന്ന് പറയപ്പെടുന്ന മുസ്ലിം പ്രമാണിമാർ പോലും ബേങ്കുകൾ വിലക്ക് വാങ്ങി പലിശയിടപാട് നടത്തുന്ന ദുരന്തമാണ് നമ്മുടേത്.

നിസ്സാര കാര്യങ്ങൾക്ക് വേണ്ടി പോലും ബേങ്ക് ലോണുകൾക്ക് പിന്നാലെ ഓടുന്ന മലയാളികൾ ഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറീച്ച് തീരെ ബോധവാന്മാരല്ല. അത്യാവശ്യങ്ങൾക്ക് വേണ്ടി വായ്പയെടുക്കുന്നവർ നന്നേ വിരളം. അനാവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടിയാണ് പലരും ലക്ഷങ്ങൾ കടമെടുക്കുന്നത്. പതിനായിരം രൂപ ലോണെടുത്താൽ കൊല്ലം കൊല്ലം തികയുമ്പോൾ പതിനൊന്നായിരം നൽകിയാലും കാര്യം സാധിക്കുമല്ലോ എന്ന് കരുതി മോഹന പ്രതീക്ഷകളുമായി പലിശക്ക് വായ്പയെടുക്കുന്നവരിൽ ഭൂരിഭാഗവും വായ്പ തിരിച്ചെടുക്കാനാവാതെ പലിശക്ക് മേൽ പലിശ നൽകി ജീവിതം തുലക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

 വർധിച്ചു കൊണ്ടിരിക്കുന്ന ആഢംബര ത്വരതയും പൊങ്ങച്ചവുമാണ് കേരളീയ സമൂഹത്തിൽ പലിശയെ ഇത്രമേൽ സർവവ്യാപിയാക്കിയത്.

അഞ്ചുകാശ് കയ്യിലില്ലാത്തവരുടെ വീട്ടുമുറ്റത്തും മുന്തിയയിനം കാറുകളും മറ്റു സുഖസൌകര്യങ്ങളുമാണ്.  ചോദിച്ചാൽ എല്ലാവർക്കും ഒരേയൊരു മറുപടിയേയുള്ളൂ..  ‘ബേങ്ക് ഫൈനാൻസ്”

ഭവന നിർമാണം, കാർഷിക വൃത്തി തുടങ്ങിയ ആവശ്യങ്ങൾക്ക് ബേങ്ക് വായ്പയെടുത്തു പണം തിരിച്ചടക്കാനാവാതെ ജപ്തി നടപടിക്കിരയാവർ പതിനായിരക്കണക്കിനാണ്. നാട്ടിൻ പുറങ്ങളിൽ വ്യാപകമായി നടന്നു വരുന്ന വട്ടിപ്പലിശ, ലേലചിട്ടി, സേട്ടു അടവ് തുടങ്ങിയ കറക്കു കമ്പനിക്കാരുടെ വലയത്തിൽ പെട്ടു ജീവിതം ഹോമിക്കപ്പെട്ടവർ ഓരോ പ്രദേശത്തും നൂറുകണക്കിനാണ്. ഇങ്ങനെ പലിശ കണ്ണീരും സങ്കടവും തീർത്ത കുടുംബങ്ങൾക്ക് കണക്കില്ല.

ഇതിന്നിടയിലാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത പുറത്ത് വന്നിരിക്കുന്നത്. വിദ്യഭ്യാസ വായ്പയെന്ന ഓമനപ്പേരിലുള്ള പലിശക്കെണി കൌമാരക്കാരായ കേരളത്തിന്റെ വിദ്യാർത്ഥി സമൂഹത്തെ വലയം ചെയ്തിരിക്കുകയാണ്. നാലു ലക്ഷത്തോളം വിദ്യാർത്ഥികൾ ഇതിന്നകം എടുത്തിരിക്കുന്ന വായപ 8295 കോടി രൂപയാണ്. വളരെ കുറഞ്ഞ കാലമേ കേരളത്തിൽ വിദ്യഭ്യാസ വായ്പ വന്നിട്ടായുള്ളൂവെങ്കിലും  830 കോടി രൂപ ഇപ്പോൾ തന്നെ കിട്ടാക്കടമായി ( NPC ) മാറിക്കഴിഞ്ഞുവെന്നാണ് ബേങ്കുകൾ നൽകുന്ന കണക്ക്.

പഠന നിലവാരത്തിൽ മുന്നിലുള്ള ദരിദ്രവിദ്യാർത്ഥിയുടെ പഠനമ പണമില്ലാത്തതിന്റെ പേരിൽ തടസ്സപ്പെട്ടു കൂട എന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന ‘ആശ്വാസ സംവിധാനമാണ്’  ഇത്തരമൊരു വൻ ദുരന്തത്തിലേക്ക് കേരളത്തെ കൊണ്ടു ചെന്നെത്തിച്ചത്. കൂണുകൾ പോലെ സംസ്ഥാനത്തിനകത്തും പുറത്തും മുളച്ച് പൊങ്ങിക്കൊണ്ടിരിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ നേട്ടമത്രയും. ‘ബേങ്ക് ലോൺ അപേക്ഷകൾ’ വച്ചു നീട്ടിയാണ് ഇത്തരം സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ വലവീശുന്നത് തന്നെ. വിദ്യഭ്യാസ വായ്പക്ക അപേക്ഷിച്ച ഒരാളുടെയും അപേക്ഷ നിരസിക്കരുതെന്ന് ബേങ്കുകൾക്ക് സർക്കാരിന്റെ കർശനമായ നിർദേശവും. ഇതുവഴി വിദ്യാർത്ഥി പഠിച്ചാലും പഠിച്ചില്ലെങ്കിലും (പഠിപ്പിച്ചാലും പഠിപ്പിച്ചില്ലെങ്കിലും ) സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഫീസ് യഥാവിധം എകൌണ്ടിലേക്ക് വന്നു കൊണ്ടിരിക്കും.

ഫീസ്‌, താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവക്കായി നാല്‌ ലക്ഷം മുതൽ പത്ത്‌ ലക്ഷം രൂപ വരെയാണ്‌ വിദ്യാഭ്യാസ വായ്പ. പഠനം കഴിഞ്ഞു ഒരു വർഷം മുതൽക്കോ, ജോലി ലഭിച്ചു ആറു മാസം മുതൽക്കോ തിരിച്ചടവു തുടങ്ങണം. പൊൻപ്രതീക്ഷകളുമായി മക്കളുടെ പഠനത്തിന്‌ വായ്പയെടുക്കുന്ന മാതാപിതാക്കൾ പിന്നീട്‌ വരാനിരിക്കുന്നതൊന്നും ഗൗനിക്കുന്നില്ല.  പലിശക്ക്‌ പണം കടമെടുത്ത്‌ മക്കളെ പഠിപ്പിക്കുന്നത്‌ ഹറാമാണെന്നതിന്‌ പുറമെ പ്രസ്തുത മക്കളിൽ നിന്നുണ്ടാവുന്ന വരുമാനത്തിലും അവരുടെ കുടുംബത്തിലും ഒരു അനുഗ്രഹവും പുരോഗതിയും ഉണ്ടാകില്ലെന്നും പരലോകത്ത്‌ കഠോരമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും രക്ഷിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇമാം തിർമുദി നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ (സ) പറയുന്നു. ഹറാമിൽ നിന്ന്‌ മുളച്ചുണ്ടായ എല്ലാ മാംസവും നരകത്തോടാണ്‌ ഏറ്റവും ചേർന്നു നിൽക്കുന്നത്‌ !

ഏറ്റവും കുറഞ്ഞ പലിശനിരക്കാണ്‌ വിദ്യാഭ്യാസവായ്പക്കെന്നാണ്‌ ധാരണ. എന്നാൽ ഇതെത്രയന്നല്ലേ. 13.5 ശതമാനം. പത്ത്‌ വർഷം മുതൽ 15 വർഷം വരെയാണ്‌ തിരിച്ചടവിന്നുള്ള സമയം. പത്ത്‌ വർഷത്തെ അവധിക്ക്‌ നാല്‌ ലക്ഷം രൂപ വായ്പയെടുത്ത വിദ്യാർത്ഥി 120 മാസഘടുക്കളായി 6,092 വീതം 7,30,917 രൂപ തിരിച്ചടക്കണം. ഇതേ വായ്പ തന്നെ 15 വർഷത്തേക്കാണെങ്കിൽ 180 ഘടുക്കളായി 5,193 വീതം 9,34,789 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. 10 ലക്ഷം രൂപ വായ്പ പത്ത്‌ വർഷം കൊണ്ടു തിരിച്ചടക്കുകയാണെങ്കിൽ പ്രതിമാസം 15,227 വീതം 18,27,291 രൂപയും 15 വർഷം കൊണ്ടാണെങ്കിൽ  12,983 വീതം 23,36,973 രൂപയുമാണ്‌ തിരിച്ചടക്കേണ്ടത്‌. (അവലംബം SBI Loan Calculator )

അടവ്‌ തെറ്റിക്കാതെ കൃത്യമായി വായ്പ തിരിച്ചടക്കുന്നവരെ സംബന്ധിച്ച കണക്കാണ്‌ മുകളിൽ പറഞ്ഞത്‌. എന്നാൽ അടവുകൾ തെറ്റുന്ന മുറക്ക്‌ പലിശക്ക്‌ മുകളിൽ പലിശ കുമിഞ്ഞു കൂടുകയും ((Compount Interest) തിരിച്ചടവ്തുക ഗണ്യമായി വർധിക്കുകയും ചെയ്യുന്നു.

കേരളത്തിലെ ഇന്നത്തെയവസ്ഥ പരിഗണിക്കുകയാണെങ്കിൽ വൻദുരന്തമാണ്‌ അഭ്യസ്ഥവിദ്യരായ യുവതലമുറയെ കാത്തിരിക്കുന്നത്‌. 2013-ലെ കണക്കനുസരിച്ചു സംസ്ഥാനത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജുകളിൽ 60,000­ൽപരം സീറ്റുകളുണ്ട്‌. ഇതിൽ 26,000 സർക്കാർകോട്ട കിഴിച്ചാൽ 34,000 സീറ്റുകളും സ്വകാര്യക്കാരുടെ കച്ചവടത്തിനുള്ളതാണ്‌. സർക്കാർ എഞ്ചിനീയറിംഗ്‌ കോളേജുകളിലെ വിദ്യാർത്ഥികൾ വേറെയും. അന്യ­സംസ്ഥാനങ്ങളിൽ നിന്ന്‌ പ്രതിവർഷം പുറത്ത്‌ വരുന്ന എഞ്ചിനീയർമാർ 60,000-ന്‌ മീതെയാണത്രെ. നഴ്സിംഗ്‌ ഉൾപ്പടെയുള്ള പാരാമെഡിക്കൽ മേഖലയിലെ വിദ്യാർത്ഥികൾ ഇത്‌ കൂടാതെയുമുണ്ട്‌.

കാർഷികവായ്പകളും മറ്റു കടക്കെണികളും കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്കുള്ള സംസ്ഥാനമായ കേരളത്തിൽ വിദ്യാഭ്യാസവായ്പ സൃഷ്ടിക്കുന്ന ഗുരുതരമായ ഭവിഷത്ത്‌ വരാനിരിക്കുന്നതേയുള്ളു. നാല്‌ ലക്ഷത്തോളം വിദ്യാർത്ഥികൾ ഇതിനകം വായ്പയെടുത്തതായാണ്‌ കണക്കെങ്കിൽ ഇതിൽ 30 ശതമാനം മാത്രമാണ്‌ തിരിച്ചടവിന്‌ സമയമെത്തിയവർ. 70 ശതമാനം വിദ്യാർത്ഥികളും പഠനത്തിലോ പഠനം കഴിഞ്ഞു ഒരു വർഷം പൂർത്തിയാക്കാത്തവരോ ആണെന്നർത്ഥം. ഇവരുടെ തിരിച്ചടവ്‌ സമയം കൂടി ആസന്നമാകുന്നതോടെ സ്ഥിതി അത്യന്തം വഷളാകുമെന്നുറപ്പ്‌. കേരളത്തിലെ തൊഴിൽ കമ്പോളങ്ങളിൽ നിന്നുള്ള വാർത്തകൾ ശുഭകരമല്ല താനും. 2012-13­ലെ കണക്ക്‌ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള (39.78 ലക്ഷം) രണ്ടാമത്തെ സംസ്ഥാനമാണ്‌ കേരളം. ഇതിലുപരി ജോലി ലഭിക്കുന്നവരിൽ മഹാഭൂരിപക്ഷവും വായ്പ തിരിച്ചടക്കാൻ മതിയായ ശമ്പളം ലഭിക്കാത്തവരുമാണ്‌.
   
കോടിക്കണക്കിന്‌ രൂപ കോർപ്പറേറ്റ്‌ മുതലാളിമാർക്കും വൻവ്യവസായികൾക്കും വേണ്ടി എഴുതിത്തള്ളുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ ദരിദ്രവിദ്യാർത്ഥികൾക്ക്‌ അവരുടെ പലിശയെങ്കിലും ഇളവു ചെയ്തുകൊടുക്കാൻ സന്നദ്ധമാവുകയാണെങ്കിൽ അൽപമെങ്കിലും ആശ്വാസമായേനെ. സ്വകാര്യ സ്ഥാപനങ്ങളെ കടിഞ്ഞാണിടുകയും സർക്കാർ മേഖലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു പാവപ്പെട്ട വിദ്യാർത്ഥികൾക്ക്‌ ഫീസ്‌ ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുകയുമാണ്‌ ഇതിന്നു പരിഹാരം.

പലിശയെ നിഷിദ്ധവും നീചവുമായി കണ്ടിരുന്ന സാമൂഹമായിരുന്നു കേരളത്തിലേത്‌. മത വർഗ വൈചാത്യങ്ങളില്ലാതെ ഏല്ലാവരും പലിശയെ എതിർത്തു പോന്നു. ഹിന്ദുവും കൃസ്ത്യാനിയും മുസൽമാനും പലിശയിടപാടുകാരെ അറപ്പോടും പുഛത്തോടും കൂടിയായിരുന്നു    വീക്ഷിച്ചത്‌. പാവപ്പെട്ടവന്റെ അധ്വാനം ഊറ്റിക്കുടിക്കുന്ന ഈ ദുഷിച്ച വ്യവസ്ഥ ബ്രിട്ടീഷുകാരാണ്‌ ഔദ്യോഗിക സംവിധാനങ്ങളോടെ ലോകത്ത്‌ നടപ്പാക്കിയത്‌. ഇന്ന്‌ പലിശയെന്ന ചൂഷണസംവിധാനം ലോകവ്യാപകമായി പടർന്നു പന്തലിച്ചിരിക്കുന്നു.

എല്ലാ വിധ ചൂഷണങ്ങൾക്കുമെതിരെ കർശനമായി വാളോങ്ങിയ ഇസ്ലാം പലിശയെ ഏഴ്‌ മഹാ പാപങ്ങളിലൊന്നായാണ്‌ എണ്ണിയത്‌. പലിശയുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ്‌ ജോലികൾ പോലും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. പലിശ തിന്നുന്നവൻ പിശാചുബാധ​‍േയറ്റു മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നവനെപ്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല..(2-275) എന്നും പലിശയിടപാടിൽ നിന്നു പി​‍ാറാൻ നിങ്ങൾ സന്നദ്ധമാകാത്ത പക്ഷം അല്ലാഹുവിന്റെയും തിരുദൂതരുടെയും ഭാഗത്ത്‌ നിന്നുള്ള സമരപ്രഖ്യാപനം പ്രതീക്ഷിച്ചു കൊള്ളുക..(2-279) എന്നും പലിശയുടെ കെടുതികളെക്കുറിച്ചു വിശുദ്ധ ഖുർആൻ നൽകുന്ന താക്കീത്‌ അതീവ ഗൗരവതരമാണ്‌.

ആകയാൽ നീചവും നികൃഷ്ഠവുമായ ഈ സാമൂഹിക ദുരന്തത്തിനെതിരെ നമുക്കൊന്നായി പൊരുതാം. ! പലിശ: നീചം, നിശിദ്ധം ! എന്നതാകട്ടേ നമ്മുടെ മുദ്രാവാക്യം. എല്ലാവിധ പലിശയിടപാടുകളിൽ നിന്നും വിട്ടു നിൽക്കാൻ നാം പ്രതിജ്ഞയെടുക്കുക. പലിശ കലർന്ന ആഹാരം മക്ക­ളുടെ വയറ്റിലെത്തിക്കാതിരിക്കാൻ ജാഗ്രത്താവുക. വ്യക്തിപരമായ ആർഭാഢങ്ങളും അനാവശ്യങ്ങളുമൊഴിവാക്കാൻ നാമോരോരുത്തരും സന്നദ്ധരായാൽ തന്നെ വിപ്ളവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മതനേതാക്കളും സാമുദായിക രാഷ്ട്രീയ സംഘടനകളും പലിശയുടെ ഭീകര വിപത്തിൽ നിന്നു സമൂഹത്തെ രക്ഷിക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പദ്ധതികളുമായി മുന്നോട്ട്‌  വരേണ്ടതുണ്ട്‌.

ഇസ്ലാമിന്റെ ഒന്നാം നൂറ്റാണ്ടിൽ സച്ചരിതരായ ഖലീഫമാരുടെ കാലത്ത്‌ ലോകം പരീക്ഷിച്ചു വിജയം വരിച്ച പലിശ രഹിത ധന വിനിമയ സംവിധാനം ഇന്ന്‌ ലോകത്ത്‌ അതിശീഘ്രം വളർന്നു  കൊണ്ടിരിക്കുകയാണ്‌ ഈ സംവിധാനത്തെ കുറിച്ചു പഠിക്കാനും അത്‌ പ്രാവർത്തികമാക്കാനും ആധുനിക സമൂഹം മുന്നോട്ട്‌ വരുന്ന പക്ഷം ചൂഷണ മുക്തമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക്‌ സാധിക്കും. തീർച്ച.



وَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin



Related Posts with Thumbnails