Sunday, January 15, 2012

481-അല്ലാഹു-ഭാഗം 06



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മനുഷ്യന്റെ കഴിവുകൾക്കോ സ്വാധീനങ്ങൾക്കോ ഈ പ്രപഞ്ചത്തിനെ സ്വാധീനിക്കാൻ കഴിയുമോ ? അതും ഇല്ലെന്നാണ് നമുക്ക് ബോധ്യപ്പെടുന്നത് . കാരണം സൂര്യന്റെ ശക്തി മനുഷ്യ ശക്തിയേക്കാളും എത്രയോ വലുതാണ്. ഇതേപോലെത്തന്നെയാണ് സമുദ്രത്തിന്റെയും ഭൂമിയുടെയുമൊക്കെ അവസ്ഥ. അതിൽ നിന്നു നമുക്ക് മനസ്സിലാകുന്ന മറ്റൊരു കാര്യമാണ് ഇവയെല്ലാം അവയെ സൃഷ്ടിച്ച സർവ്വലോക രക്ഷിതാവിന്റെ തീരുമാനങ്ങൾക്കും ഉദ്ദേശങ്ങൾക്കുമനുസരിച്ചാണ് അവയുടെ ധർമ്മങ്ങളും ദൌത്യങ്ങളും നിർവ്വഹിക്കുന്നതെന്ന്. സൂര്യന് ഇന്നു ഞാൻ ഉദിക്കാതിരിക്കട്ടെ എന്നു തീരുമാനിക്കാനോ , അല്ലെങ്കിൽ ഇന്ന് അസ്തമിക്കില്ലെന്നോ തീരുമാനിക്കാൻ കഴിയില്ല. മനുഷ്യകുലം മുഴുവൻ ശ്രമിച്ചാലും അതിന് സാധ്യമല്ല. അപ്പോൾ മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ സം‌വിധാനിക്കപ്പെട്ട പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ , അതിന്റെ ചലനങ്ങളിലോ, നിലനിൽ‌പ്പിലോ മനുഷ്യന് യാതൊരു പങ്കുമില്ല. ഇനി മനുഷ്യ സൃഷ്ടിപ്പിലേക്ക് കടന്നാലും ഇതു തന്നെയാണ് അവസ്ഥ. ഒരാൾക്കും അവകാശപ്പെടാൻ കഴിയില്ല ഞാനാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് . സ്വന്തം ശരീരത്തെ പോലും താനാണ് സൃഷ്ടിച്ചതെന്ന് പറയാൻ ആരും ധൈര്യപ്പെടില്ല.

അല്പം ചിന്തിച്ചാൽ മനുഷ്യർ തന്നെ അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ ഒരു ചലിക്കുന്ന പരസ്യമാണെന്നു കാണാൻ കഴിയും. അല്പം വർഷങ്ങൾക്ക് മുമ്പ് ഒന്നുമല്ലാതിരുന്ന നാമെല്ലാം എങ്ങിനെയാണ് രൂപം കൊണ്ടതെന്ന് ചിന്തിച്ചു നോക്കൂ! സ്ത്രീ ബീജവും പുരുഷ ബീജവും ചേർന്നാണ് മനുഷ്യക്കുഞ്ഞിന് രൂപം നൽകുന്നതെന്ന് നമുക്കറിയാം. ഇവിടെ പുരുഷ ബീജത്തിന് ഒരു സ്ത്രീ ബീജമുണ്ടെന്നും അതുമായി ചേർന്ന് മനുഷ്യന് ജന്മം നൽകണമെന്നും അറിയുമോ? അതു പോലെ, സ്ത്രീ ബീജത്തിന് , പുരുഷബീജമുണ്ടെന്നും അതുമായി ചേർന്ന് മനുഷ്യന് ജന്മം നൽകണമെന്നും അറിയുമോ ? ഇല്ല എന്ന് നമുക്കറിയാം. പക്ഷെ , അവ രണ്ടും കൂടി ചേരേണ്ടതുണ്ട്, ഒരു കുഞ്ഞിന് ജന്മം നൽകാൻ. അപ്പോൾ പുരുഷബീജത്തെയും സ്ത്രീ ബീജത്തെയും ഉണ്ടാവാനിരിക്കുന്ന കുഞ്ഞിനെയും ബന്ധിപ്പിക്കുന്ന ഒരു ഉദ്ദേശ്യമുണ്ട്, അറിവുണ്ട്, അവയെ പരസ്പരം ബന്ധിപ്പിക്കുന്ന അറിവിന്റെ ഉടമസ്ഥനായി ഒരാളുണ്ടെന്ന് അനുമാനിക്കാമല്ലോ. അവനാണ് നമ്മേ പടച്ച കാരുണ്യവാനായ അല്ലാഹു.

ബീജസങ്കലനം കഴിഞ്ഞ് , ആദ്യകോശം വിഭജിക്കുകയും രണ്ടായി തീരുകയും ചെയ്യുന്നു. വീണ്ടുമവ വിഭജിക്കപ്പെടുകയും വർദ്ധിക്കുകയും ചെയ്ത്കൊണ്ട് കോടിക്കണക്കായി പെരുകുന്നു. അങ്ങനെ നൂറു കൊല്ലത്തോളം പ്രവർത്തിക്കുന്ന ഹൃദയത്തിനും, അത്ഭുതങ്ങളിൽ അത്ഭുതമായ മസ്തിഷ്കത്തിനും , എല്ലുകൾക്കും, പല്ലുകൾക്കും മറ്റും രൂപം നൽകുകയും ചെയ്യുന്നു. പരിചയസമ്പന്നനായ ഒരു ശാസ്ത്രജ്ഞനെപ്പോലെ , എഞ്ചിനീയറെപ്പോലെ , കലാകാരനെപ്പോലെ അതു പ്രവർത്തിക്കുന്നു. ആരാണ് ആ ആദ്യകോശത്തിന്, കുഞ്ഞിന് രൂപം കൊടുക്കാൻ മാർഗ്ഗദർശനം നൽകുന്നതെന്ന് ചിന്തിച്ചു നോക്കൂ. സർവ്വശക്തനായ അല്ലാഹുവാണെന്ന് തെളിയും



. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-481

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails