Saturday, June 20, 2009

ബുള്ളറ്റിൻ-35-വിസർജ്ജന മര്യാദകൾ -3

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിസർജ്ജന മര്യാദകൾ -3

ഭാഗം -1 ഇവിടെ
ഭാഗം -2 ഇവിടെ

അതേപോലെ കാറ്റിനഭിമുഖമായും കുളിക്കുന്നിടത്തും വഴിയിലും ഫലം കായ്ക്കുന്ന മരച്ചുവട്ടിലും ,ജനങ്ങൾ സാധാരണ സംസാരിച്ചു കൊണ്ടിരിക്കുന്ന വിശ്രമ സ്ഥലങ്ങളിലും മാളങ്ങളിലും മല മൂത്ര വിസർജ്ജനം കറാഹത്ത്‌ തന്നെ. (മാളങ്ങൾ ഇഴജന്തുക്കളുടെ സങ്കേതമാണല്ലോ )

മൂത്രിച്ച്‌ കഴിഞ്ഞാൽ 'ഇസ്തിബ്‌റാ ' ചെയ്യൽ (മൂത്രാവശിഷ്ടം പുറത്താക്കൽ ) സുന്നത്താണ്‌ ലിംഗം തടവുക , നടക്കുക തുടങ്ങിയ മാർഗങ്ങളാൽ 'ഇസ്തിബ്‌റാ ' ചെയ്യാവുന്നതാണ്‌. ശുദ്ധിയാക്കിയ ശേഷം മൂത്രാവശിഷ്ടം പുറത്ത്‌ വരാതിരിക്കാനാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌.

മല മൂത്ര വിസർജ്ജന ശേഷം വെള്ളം കൊണ്ടോ കല്ലുകൊണ്ടോ ശുദ്ധിയാക്കൽ നിർബന്ധമാണ്‌. ഉറച്ചതും ഉണങ്ങിയതും നജസിനെ പിടിച്ചെടുക്കാൻ പറ്റിയതും ശുദ്ധിയുള്ളതുമായ വന്ദിക്കപ്പെടാത്ത ഏത്‌ സാധനവും കല്ല് പോലെ ഉപയോഗിക്കാവുന്നതാണ്‌.

കല്ലും അതുപോലുള്ള വസ്തുക്കളും കൊണ്ട്‌ ശുദ്ധിയാക്കണമെങ്കിൽ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ :

പുറപ്പെട്ട നജസ്‌ ഉണങ്ങാതിരിക്കുക, പുറപ്പെട്ട സ്ഥലത്ത്‌ നിന്ന് മറ്റ്‌ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കാതിരിക്കുക മറ്റ്‌ നജസായ വസ്തുക്കൾ അവിടെ ചേരാതിരിക്കുക എന്നിവയാണ്‌.

'മദ്‌യ്‌' പോലുള്ള നജസുകളും മൂത്രവും കൂടെ കലർന്നാൽ ശുദ്ധിയാക്കാൻ കല്ല് മതിയാവുകയില്ല. കല്ല് കൊണ്ട്‌ ശുചിയാക്കാൻ ചുരുങ്ങിയത്‌ മൂന്ന് തവണ തടവണം. ഒന്നോ രണ്ടോ തവണ കൊണ്ട്‌ ശുദ്ധിയായാലും മൂന്ന് തവണ തടവണം. മൂന്ന് കല്ല് കൊണ്ടോ ഒരു കല്ലിന്റെ മൂന്ന് ഭാഗം കൊണ്ടോ ആയാലും മതി. മൂന്ന് കൊണ്ട്‌ ശുദ്ധിയായില്ലെങ്കിൽ ശുദ്ധിയാവുന്നത്‌ വരെ തടവൽ നിർബന്ധമാണ്‌. മൂന്ന് ,അഞ്ച്‌, ഏഴ്‌ എന്നിങ്ങനെ ഒറ്റയാക്കൽ സുന്നത്താണ്‌. തെറിക്കുമെന്ന് ഭയമുള്ള സ്ഥലത്ത്‌ വെച്ച്‌ ശുദ്ധിയാക്കരുത്‌. ശുചീകരണത്തിനു ഇടത്‌ കൈയാണ്‌ ഉപയോഗിക്കേണ്ടത്‌. ശുചീകരണ ശേഷം ഇങ്ങിനെ ചൊല്ലണം.
َللَّهُمَّ طَهِّر قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْجِي مِنَ الْفَوٰاحِشِ.
അർത്ഥം :
'നാഥാ, കാപട്യത്തെ തൊട്ട്‌ എന്റെ ഹൃദയത്തെ നീ ശുദ്ധിയാക്കുകയും മ്ലേച്ഛ കാര്യങ്ങളിൽ നിന്ന് ഗുഹ്യസ്ഥാനത്തെ സംരക്ഷിക്കുകയും ചെയ്യേണമേ '

ബാക്കി അടുത്ത ബുള്ളറ്റിനിൽ .ഇൻശാ അല്ലാഹ്‌
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 35, PDF ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺ ലോഡ് ചെയ്യാവുന്നതാണ്

1 comment:

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails