Thursday, June 18, 2009

ബുള്ളറ്റിൻ-34-വിസർജ്ജന മര്യാദകൾ-2


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിസർജ്ജന മര്യാദകൾ-2


മലവും മൂത്രവും പുറപ്പെടുന്ന അവസരത്തിൽ മൌനം അവലംബിക്കണം. വിസർജ്ജന സമയം മിസ്‌വാക്ക് ചെയ്യുന്നതും വിസർജ്ജിച്ചതിൽ തുപ്പുന്നതും ശരിയല്ലെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

നിന്ന് മൂത്രിക്കൽ കറാഹത്താണ്. എന്നാൽ ഇരുന്ന് വിസർജ്ജിക്കാൻ പറ്റാത്ത അസുഖമോ മറ്റ് കാരണങ്ങളോ ഉണ്ടായാൽ നിന്ന് വിസർജ്ജനം ചെയ്യുന്നതിനു വിരോധമില്ല. നിന്ന് മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യുമ്പോൾ ശരീരത്തിലേക്ക് തെറിക്കുമ്പോൾ അത് ഹറാമാണ്.

വിസർജ്ജനത്തിനിരിക്കുമ്പോൾ കാൽമുട്ടിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള ഭാഗം മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്.

മുന്നിൽ മറയില്ലാത്ത പക്ഷം കഅബയിലേക്ക് മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസർജ്ജനം ഹറാമാണ്. മുന്നിലുള്ള മറ ഒരു മുഴത്തോളം ഉയരമുണ്ടാകണം. മറയോടു മൂന്ന് മുഴമോ അതിൽ താഴെയോ അടുത്തിരിക്കുകയും വേണം.

പള്ളിയുടെ ചുമരുകൾക്കിടയിലും ഖബ്‌റിനു സമീപവും മലമൂത്ര വിസർജ്ജനം കറാഹത്താണ്. ഖബ്‌റിനു മുകളിൽ വിസർജ്ജനം ഹറാ‍മാകുന്നതാണ്. പള്ളിയിൽ പാത്രം വെച്ചിട്ടായാലും വിസർജ്ജനം ഹറാം തന്നെ. പള്ളി പൊളിച്ച് നീക്കിയ സ്ഥലത്ത് ,അല്ലെങ്കിൽ പൊളിഞ്ഞ്പോയ സഥലത്ത് മൂത്രിക്കുന്നതും ഇത് പോലെതന്നെ. അത്തരം സ്ഥലങ്ങൾക്ക് പള്ളിയുടെ വിധിതന്നെയാണുള്ളത്. ഇഅ്തികാ‍ഫിന്റെ നിയ്യത്തോടെ അവിടെ ഇരുന്നാൽ പ്രതിഫലം ലഭിക്കുന്നതുമാണ്.

ഭക്ഷണ പദാർത്ഥങ്ങളിലും വന്ദിക്കപ്പെടുന്ന സാധനങ്ങളിന്മേലും മലമൂത്ര വിസർജ്ജനം ഹറാമാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വിസർജ്ജന സ്ഥലത്ത് ഇടരുത്. ഖുർ ആൻ, ഹദീസ്, ഫിഖ്‌ഹ് തുടങ്ങിയ ആദരണീയ ഗ്രന്ഥങ്ങളുടെ ഏടുകൾ വലിച്ചെറിയുന്നതും സൂക്ഷിക്കണം. വെള്ളത്തിലിടുകയോ മറ്റോ ചെയ്യുകയല്ലാതെ അതിനെ നിന്ദിക്കപ്പെടുന്ന ഒരവസ്ഥയുണ്ടാവരുത്. അല്ലാഹുവിന്റെ പേരുകളും മറ്റ് ആദരണീയ വചനങ്ങളുമുള്ള അറബി പത്രങ്ങൾ സുപ്ര (ഭക്ഷണം കഴിക്കുന്നിടത്ത് വിരിക്കുന്നതിന് ) യായി ഉപയോഗിക്കരുത്.

മറ്റുള്ളവരുടെ സ്ഥലത്ത് അവർക്ക് ഇഷ്ടമില്ലാതെ വിസർജ്ജനം ചെയ്യാൽ ഹറാമാണ്. അല്പാല്പമായി ഒഴുകുന്ന വെള്ളത്തിലും സമീപത്തും വിസർജ്ജനം കറാഹത്താണ്. അതിൽ തുപ്പലും മുക്ക് പിഴിയലും അങ്ങിനെ തന്നെ. (ബാക്കി അടുത്ത ബുള്ളറ്റിനിൽ --ഇൻശാ അല്ലാഹ് )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 34 , PDF ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്

1 comment:

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails